October 04, 2012

എനിക്ക്... നീ...


നീയാണെന്നാത്മശ്വാസം..
നീയാണെൻ ഹൃദയത്തുടിപ്പ്..
എന്നിലൂടെ ഒഴുകുന്ന ചുടുരക്തം..
നീ ഇല്ലെങ്കിൽ പിന്നെ...
ഞാൻ വെറും ജഢം...

നാൽകവല


വാഹനങ്ങൾ ഒരു പാട് വന്നു..
അതിലേയും ഇതിലേയും വളഞ്ഞും തിരിഞ്ഞും..
എന്നാൽ, എനിക്കുള്ളത് മാത്രം ഞാൻ കണ്ടില്ല..
ജീവിതത്തിന്റെ നാൽകവലയിൽ നിൽക്കുന്ന ഞാൻ
ഇനി, തിരക്കിനിടയിൽ കാണാതെ പോയതാണോ..????
അറിയില്ല..
ഞാൻ പിന്നേയും കാത്തു നിൽക്കുന്നു...

August 08, 2012

രാത്രിമഴ

രാവിന്റെ ഇരുളിമയിൽ..
ശീതളമായൊരു കാറ്റിനെ കൂട്ടു പിടിച്ച്‌..
തലയിണയിൽ വിതറികിടക്കുന്ന
കൂന്തലിൽ മുഖം ചേർത്ത്‌..
നീ ഉറങ്ങുമ്പോൾ..
പുറത്ത്‌ പെയ്യുന്നത്‌ മഴയല്ല..
എന്റെ കണ്ണിലെ നിനവുകളാണ്‌..
നീ ഒപ്പിയെടുക്കുമെന്ന്‌ കൊതിച്ച..
കണ്ണുനീർ തുള്ളികൾ....!!!


August 07, 2012

മഞ്ഞു തുള്ളി

മാനത്ത് നിന്നു പൊഴിയുന്നൊരു മഞ്ഞുതുള്ളി..
ഉരുണ്ടുരുണ്ടൊരു സ്ഫടികഗോളം പോൽ..
കാണാനോ??? തെളിഞ്ഞ കണ്ണാടി..
മുഖത്ത് വീണുടയുമ്പോൾ..
അതങ്ങ് മാഞ്ഞു പോകും..
തണുത്തുറഞ്ഞൊരു ഓർമ്മ മാത്രം നല്കി കൊണ്ട്...

December 26, 2011

ഏതൊ അനിവാര്യത പോലെ

കാലം പടുത്ത നാലുക്കെട്ടിന്റെ നടുത്തളത്തിൽ
പണ്ടൊരു മഴ പെയ്തു.
ഒരു നേർത്ത, നനുത്ത, ചാറ്റൽ മഴ.
പിന്നീടൊരു പേമാരിയായി
കുത്തിയൊലിച്ചാ മഴയ്ക്കൊടുവിൽ
കനത്തു കനത്തു കല്ലുകളായി തുടങ്ങിയ
തുള്ളികളോരോന്നും ചിന്നിച്ചിതറി.
പല വഴിയേ.... ഏതോ അനിവാര്യത പോലെ....!!!!


ഇന്നൊരു സുദിനമാണു.
അന്നു വേർപ്പിരിഞ്ഞതുള്ളികളൊട്ടുമിന്നീയാഴിയിലൊന്നുചേരും....
അതും ഏതൊ അനിവാര്യത തന്നെ....!!!!

October 06, 2011

ഞാൻ കവിയല്ല

ഞാൻ ഒരു കവിയാണോ....????


എന്റെ വാക്കുകൾക്ക്‌ ഊർജ്ജവും ഓജസ്സും പോരത്രേ
ആശയദാരിദ്ര്യം അനുഭവിക്കുന്നു ഞാനെന്നു


വെറുതെ അക്ഷരം കൂട്ടിക്കെട്ടി
വാക്കിന്റെ നൂലാമാല തീർക്കുന്നൊരു പുങ്കൻ


അല്ല.... ഞാൻ കവിയല്ല


കവി....
അതെനിക്ക്‌ വളരെ ഉയരെ,
എത്താനാകാതെ കിടക്കുന്നൊരു തലം
അനുഭവങ്ങളുടെ പടികൾ ചവിട്ടികയറാതെ
എങ്ങനെ ഞാനാ നിലയിലെത്തും????


അല്ല... ഞാൻ കവിയല്ല


രണ്ടേ രണ്ടു മഷിപുരളലുകളിൽ ഒതുങ്ങുന്നു
എന്റെ ജീവിതാനുഭവങ്ങൾ
ഇടതു ചൂണ്ടാണിയിലെ ഒരു കറുത്ത മഷിയും
പിന്നെ, ഹൃദയത്തിൽ പറ്റിയ ചുവന്ന മഷിയും
ഇതു വരെ മായാത്ത പാടുകൾ


പിന്നെ എങ്ങനെ ഞാനൊരു കവിയാകും?????


അല്ല.... ഞാൻ കവിയല്ല....!!!!
:-(

September 17, 2011

ആറടിമണ്ണ്

അൾത്താരയിൽ നിന്ന് അച്ചനിറങ്ങി
പള്ളിയിൽ നിന്ന് ഞാനും
ഇനി സെമിത്തേരിയിലേക്ക്
അപ്പനുണ്ടവിടെ, അപ്പാപ്പനും അമ്മാമയുണ്ട്
ഒരു വ്യാഴവട്ടത്തിനു ശേഷം വീണ്ടും
കുഴിമാടത്തിൽ നിന്നും കുഴിമാടത്തിലേക്ക്
അപ്പനെ കണ്ടു, അമ്മാമയേയും
പക്ഷേ, അപ്പാപ്പനെവിടെ?
ഇല്ല.
അപ്പാപ്പന്റെ കുഴി മാന്തി
ആ പല്ലും നഖവും
ശവക്കിണറിൽ കിടന്നൂ ഞെരിയുന്നു
മനുഷ്യന് ആറടി മണ്ണു മാത്രമെന്ന്
ഞാറാഴ്ചകളിൽ പഠിപ്പിട്ട്
അതുപോലുമില്ലാതപ്പാപ്പനെ പോൽ എത്രപേർ?
ഞാനും അങ്ങനെ തന്നെ
‘വെള്ളയടിച്ച കുഴിമാടങ്ങളേ....’
വീണ്ടും ഞായറാഴ്ച പാഠ്യങ്ങളിലേക്ക്
അതെ.
വെള്ളയടിച്ചാലേ,
ആറടിമണ്ണിന്റെ താമ്രഫലകം പതിച്ചുകിട്ടൂ
അതും ശാശ്വതമല്ല....
ഒരു കള്ളപട്ടയം!!!!
എന്നിട്ടും....????

September 05, 2011

തിരിച്ചറിവ്

ബന്ധനത്തിലാണെന്‍ കരങ്ങളും കാല്‍കളും
തടന്കലിലാണെന്‍ നാവും
പഴയകലാലയത്തിന്റെ മധുരസ്മരണയില്‍
അനുഭവിക്കുന്നു ഞാന്‍ ജീവപര്യന്തം....!!!!

ഒരു കൊടിതണലില്‍ നിരങ്ങി നീങ്ങുന്നതും,
മുഷ്ടിയാല്‍ പവനനെ മര്‍ദ്ദിച്ചതും,
ചൂണ്ടാണി വിരലില്‍ പച്ചകുത്തുന്നതും,
ആനന്ദഭേരിയാല്‍ മനം കുളിര്‍ക്കുന്നതും,
ഓര്‍മ്മകള്‍ മാത്രമായ് ഒതുങ്ങുന്നതെന്നുള്ളില്‍ ....
വെറും, ഓര്‍മ്മകള്‍ മാത്രമായ് ഒതുങ്ങുന്നതെന്നുള്ളില്‍ ....

ഓര്‍ക്കാതിരിക്കാനാവില്ലെനിക്കെന്റെ
ആദ്യാനുരാഗമധുരം നുകര്‍ന്ന നാള്‍ ....
കാമിനിതന്‍ മുന്നിലെന്‍ കൈകള്‍ വിറച്ചതും,
മിത്രങ്ങളെന്നെ ചിരിച്ചു കൊല്ലുന്നതും,
എല്ലാമെല്ലാം സുഖമുള്ളൊരോര്‍മ്മയായ്
മിന്നി തിളങ്ങുന്നു അന്തഃരംഗങ്ങളില്‍ ....

ചിന്തിച്ചു ഞാന്‍ പിന്നെ ഇനിയെന്തു വേണം
ജീവിതച്ചുഴികളില്‍ വീണീടണോ, അതോ....
രണ്ടാം മധുര സരസ്വതീ ക്ഷേത്രമോ....
തിരഞ്ഞെടുത്തു ഞാന്‍ പൂജാരിവേലയെ
എന്‍ കലാലയ തൃഷ്ണയടങ്ങിടാതെ....

വന്നതാണിവിടെ ഞാന്‍, വന്നുപെട്ടതാണങ്ങനെ
കാലചക്രം കറക്കിയെറിഞ്ഞ പോല്‍ ....!!!!
എന്നാല്‍, അറിയുന്നു ഞാനിന്ന്,
തിരിച്ചറിയുന്നു ഞാനിന്ന്
സ്വര്‍ഗ്ഗത്തിന്‍ പിന്നിലായ് ഒരു
നരകവും ഉണ്ടെന്ന്....

കൈവിട്ടു പോകുന്നു ജീവിതസന്ധ്യകള്‍
തെറ്റുന്നു ജീവിത സ്വരരാഗതാളവും
ഭയപെടുന്നിന്നു ഞാന്‍ എന്നിലെ മനുഷ്യനെ
തിരിച്ചറിവാല്‍ വ്രണിതമാം സാമൂഹ്യജീവിയെ
കാക്കുകയെന്‍ കൂട്ടരേ....
മുറുകെ പിടിക്കുവിന്‍....
നഷ്ടപെട്ടേക്കാം നിങ്ങള്‍ക്കീ സുഹൃത്തിനെ....!!!!

ഭൂമി കരയുന്നു

മുകിലിന്റെ മാറിലായ് മിന്നിത്തിളങ്ങുന്ന
താരകരാജകുമാരിമാരെ ചൊല്‍ക,
നിങ്ങളെന്‍ ഭൂമിയെ കാണുന്നിതെങ്ങനെ
തനിമയും ശുദ്ധിയും കറതീര്‍ത്തെടുത്തൊരു
ഇന്ദ്രനീലത്തിന്റെ ശേഖരം പോലെയോ????
എങ്ങിനെയാകിലും കാണുകയീ ഭൂമിയെ
ഒരു പക്ഷേ നാളെയ്ക്ക് മാഞ്ഞുപോയെന്കിലോ....

നിങ്ങളീ കാണുന്ന തെളിവാര്‍ന്ന നീലിമ,
രത്നത്തിന്‍ ശോഭയാല്‍ പൂരിതമാമെന്നുടെ
പ്രകൃതിതന്‍ സുന്ദരഭവനമേ അല്ലിന്ന്
എന്നുടെ ചെയ്തിയാല്‍ കുടിയ്ക്കേണ്ടി വന്നൊരു
കാളകൂടത്തിന്‍ വിഷനിറമാണത്
എന്‍ ഭൂമി തന്നുടെ മുഖമേ പൊടിഞ്ഞിടും
വിയര്‍പ്പിന്‍ കണത്തിന്റെ നിറനാഴിയാണത്
ഇക്കാലമത്രയും കരഞ്ഞുതീര്‍ത്തുണ്ടായ
കണ്ണുനീര്‍ത്തുള്ളിതന്‍ ശേഖരം ആണത്....

നഷ്ടവസന്തം

പുലര്‍മഞ്ഞു വീഴും പോലെ
നറുമഴ പെയ്യും പോലെ
എന്‍ ജീവിതോന്മാദലഹരികളില്‍
നിറകാഴ്ചയായ് അവള്‍

          ആത്മവസന്തം വിടര്‍ത്തിയവള്‍ എന്നിലെ
          ജീവിതനിര്‍വൃതിയായവള്‍ പിന്നെ
          ഏകനാമെന്നുടെ ജീവിതയാത്രയില്‍
          പൂമെത്ത വിരിച്ചെന്‍ ചാരെ കിടന്നവള്‍

ഗായകനല്ല ഞാന്‍, എന്കിലും ഓമലേ
പാടിടും എന്‍ പ്രിയ കാതോര്‍ത്തിരിക്കുകില്‍
ആയിടും ഞാനെന്റെ സ്വപ്നകഥയിലെ
നായകന്‍, നായിക നീയായിരിക്കുകില്‍

          പറയുവാനാവാതെ മൂടിവച്ചെന്കിലും
          പ്രണയമായെന്നുടെ മനസ്സില്‍ നീ എന്നുമേ
          ആവില്ലെനിക്കത് വിശ്വസിച്ചീടുവാന്‍
          എന്നില്‍ നിന്നേറെ നീ അകന്നുപോയെന്കിലും

തെളിയുന്നു നീയെന്നും എന്റെ കണ്മുന്നിലായ്
എന്‍ കരസ്പര്‍ശവലയത്തിന്നുള്ളിലായ്
അറിയില്ലെനിക്കത് സത്യമോ മിഥ്യയോ
എന്‍ ആമാശയത്തിലെ മദ്യത്തിന്‍ ജാലമോ....

Link Within

Related Posts Plugin for WordPress, Blogger...

വെടിമരുന്നു തിരി